സുഹൃത്തേ,
ഇതൊരു ക്ഷണക്കത്താണ്. താങ്കള്‍ കൂടി പങ്കാളിയാവേണ്ട ഒരു വലിയ ദൗത്യത്തിലേക്കുള്ള ക്ഷണം. നിരസിക്കില്ലെന്ന് വിശ്വസിക്കുന്നു.
വീട്, കുടുംബം, പഠനം, ജോലി...
നമ്മുടെ ജീവിതം അതിവേഗതയില്‍ പാഞ്ഞു കൊണ്ടിരിക്കുന്നു. ഈ വേഗത്തിനിടയില്‍ ഗൗരവമുള്ള ചില വിഷയങ്ങള്‍ നമ്മുടെ ഓര്‍മ്മയില്‍ നിന്ന് നഷ്ടപ്പെടുന്നുണ്ടോ?
ഉണ്ട്!
അക്കാര്യം ഓര്‍മ പ്പെടുത്തുവാനാണ് ഈ കുറിപ്പ്. എന്താണ് ഈ ജീവിതത്തിന്‍റെ സത്യം? ജനനം, ജന്മത്തിന് മുന്‍പുള്ള ശൂന്യത, വളര്‍ച്ചയുടെ പടവുകള്‍, യുവത്വം, വാര്‍ധക്യം, മരണം... എത്ര വിസ്മയകരമായ പ്രതിഭാസങ്ങള്‍! എത്ര ആശ്ചര്യകരമായ പടവുകള്‍!!
ഒരു ഇന്ദ്രിയ കണത്തില്‍ നിന്ന് ഇത്രത്തോളമെത്തിയ പടവുകള്‍ ഒന്ന് ആലോചിച്ച് നോക്ക്. അമ്മയുടെ ഗര്‍ഭാശയത്തില്‍ ചുരുണ്ട് കിടന്ന കാലം...പിന്നെ പിറന്നു വീണ നിമിഷം... എല്ലാവരുടെയും സ്നേഹപൂര്‍വമുള്ള പരിചരണം... സംസാരം തുടങ്ങുന്നു... നടത്തം തുടങ്ങുന്നു... പഠനം തുടങ്ങുന്നു... നന്മയും തിന്മയും എന്തെന്ന് അറിയുന്നു... അലസമായ ജീവിത രീതികള്‍ ശീലിച്ചു തുടങ്ങുന്നു... ജീവിതത്തിന്‍റെ അര്‍ത്ഥവും നിയോഗവും മറന്നു പോകുന്നു!
വ്യക്തമായ ലക്ഷ്യമുണ്ട് ജീവിതത്തിന്. കൗമാരത്തിന്‍റെ തിളക്കത്തില്‍ നാം ആ ലക്ഷ്യം മറന്നു പോയിക്കൂടാ. നമ്മുടെ ചുറ്റുപാടുകള്‍, പ്രലോഭനങ്ങള്‍... തെറ്റുകളിലേക്ക് വഴുതിപ്പോകാനുള്ള സാഹചര്യങ്ങളധികമാണ്. മനസ്സിനെ നേര്‍വഴിക്ക് നടത്തിക്കാന്‍ ഏറെ പാട് പെടണം ഇക്കാലത്ത്.
സത്യത്തിന്‍റെയും നന്മയുടെയും പാതയില്‍ അടിയുറച്ച് നില്‍ക്കാന്‍ നമുക്ക് ഒരുമിച്ച് കൂടാം. തിന്മകളില്‍ നിന്ന് അകലാനും തിന്മകളോട് പൊരുതാനും നമുക്കൊരു കൂട്ടായ്മ വേണം.ആ കൂട്ടായ്മയാണ് എം എസ് എം.
കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ ധാര്‍മിക, വൈജ്ഞാനിക, സാമൂഹിക, സാംസ്കാരിക സംവാദങ്ങളിലെ സൗമ്യ സാന്നിധ്യമാണ് എം എസ് എം. കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി കാമ്പസ്സുകളില്‍ നന്മയുടെ നിലാവ് പരത്തുന്ന കൂട്ടായ്മ. മുസ്ലിം നവോത്ഥാന പ്രസ്ഥാനമായ കെ എന്‍ എം - ന്‍റെ വിദ്യാര്‍ഥി വിഭാഗം. എം എസ് എം നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നത് സൃഷ്ടിച്ചവനായ രക്ഷിതാവിന്‍റെ സ്വര്‍ഗമാണ്.
സത്യത്തിനു കറ ബാധിച്ച ഇക്കാലത്ത്, നന്മയുടെ ശബ്ദം നഷ്ട്ടപ്പെട്ട ഇക്കാലത്ത്, തിന്മകള്‍ കുത്തിയൊലിക്കുന്ന ഇക്കാലത്ത് നമ്മുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജ്വലിക്കണം. ഒത്തൊരുമിച്ച് നീങ്ങാന്‍ താങ്കള്‍ വരുമോ? സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.